എന്‍റെ ചിന്തകള്‍
ചിലപ്പോള്‍ ഒരു കൊടുംകാറ്റായി വന്നെന്നെ ചുഴറ്റിയെറിഞ്ഞിട്ടുണ്ട്..
ഒരു കുഞ്ഞു തെന്നലായ് തഴുകി കടന്നു പോയിട്ടുണ്ട്..
അഗ്നിയായ് ചുറ്റും നൃത്തം ചവിട്ടിയിട്ടുണ്ട്..
എന്നെ മൂടുന്നൊരു പ്രളയമായിട്ടുണ്ട്..
മഴയായ് കുളിര്‍ നിറച്ചതും ചുട്ടുപൊള്ളുന്ന താപമായ് എന്നിലെ ആര്‍ദ്രത ഊറ്റിയെടുത്തതും നീ..
മാറുന്ന പ്രകൃതിയുടെ ഓരോ തീക്ഷ്ണഭാവവും നിന്നില്‍ നിറച്ചു
ഇടവേളകില്ലാതെ നീ ഒഴുക്കിയത് എന്നിലെക്കായിരുന്നു..
അലക്ഷ്യമായ് എഴുതുന്ന വരികളില്‍ നിന്നെ തേടിയതും
അസ്വസ്തമായതും എത്രവട്ടം പറഞ്ഞു നീ..? പകര്‍ത്താന്‍ എനിക്ക്
നീയല്ലാതെ മറ്റെന്താണ് ഉള്ളത്......
പ്രണയത്തിന്‍റെ വാക്കുകള്‍ ഒന്നും തന്നെയില്ലാതെ പരസ്പരം
പകര്‍ന്നതു മുഴുവനും ജീവന്‍റെ സ്പന്ദനങ്ങളായിരുന്നു..
അതുകൊണ്ടാകാം നമ്മിലെ ചിന്തകളെ പരസ്പരം വായിക്കാന്‍
കഴിഞ്ഞത്..
ഇന്ന് നീ ശാന്തമാണ് .. അലയോഴിഞ്ഞ സാഗരം പോലെ..
പക്ഷെ ഉള്ളില്‍ മാത്രം പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതം
പോലെ നീ നിന്ന് കത്തുമ്പോള്‍ ഉരുകുന്നത് എന്‍റെ മനസ്സാണ്.
മനസ്സുരുകുമ്പോള്‍ ദേഷ്യത്തിന്റെ അങ്ങേയറ്റം പോകുന്ന നീ
അടുത്ത നിമിഷം ഓടി വരുമെന്ന് അറിയാതെയല്ല. ഒരു വിളിയില്‍
ഉരുകുന്നൊരു മഞ്ഞായ് ഞാന്‍ മാറുന്നതും അതുകൊണ്ടല്ലേ..
ചിലപ്പോള്‍ ഇങ്ങനെയാണ് മനസ്സ് നാമറിയാതെ നമ്മെയറിയാതെ പോകും..
"നിന്‍റെ തുടിപ്പുകള്‍ മറ്റാരെക്കാളും ഞാന്‍ അറിയുന്നുന്നു" പറഞ്ഞ നീ പിറന്നാള്‍
ദിനത്തില്‍ എന്‍റെ നിറുകയില്‍ ചാര്‍ത്തിയ ചുംബനപൂക്കള്‍ വാടിക്കൊഴിഞ്ഞിട്ടില്ല
ഇപ്പോഴും...
ഒരു മഴനൂല്‍ മതി എനിക്കും നിനക്കും..
വര്‍ഷമേഘങ്ങള്‍ ഒരുങ്ങി നില്‍ക്കുന്നുണ്ട്.. ഇപ്പോഴും വിളിക്കട്ടെ
നിന്നെ “മിഴികളില്‍ മഴ പെയ്യിക്കുന്നവന്‍” എന്ന്..
ഓരോ പിണക്കത്തിലും ഒരിലയനക്കം പോലുമില്ലാതെ ഈ മുറ്റത്ത് നീ
വന്നു പോകുന്നത് ഞാന്‍ അറിയാതെയിരിക്കുമോ ??
Comments